ഗസറ്റഡ് യക്ഷി വീണ്ടും വരുന്നു

ഗസറ്റഡ് യക്ഷി വീണ്ടും വരുന്നു

Share
Sagar Kottappuram

By Sagar Kottappuram

12:00 AM
June 3, 2026
Like10
Comment9

അധ്യായം ഒന്ന്: ആമുഖമില്ലാത്ത ആ മുഖം

കൊടും കാറ്റ് ആഞ്ഞടിച്ച ആ രാത്രിയിൽ, ആകാശത്തിന്റെ നെഞ്ചുകീറി മിന്നൽപ്പിണരുകൾ വെട്ടിപ്പെയ്തപ്പോൾ, കോട്ടപ്പുറം വില്ലയുടെ ജനൽച്ചില്ലുകൾ ഭയത്തോടെ വിറകൊണ്ടു. മേശപ്പുറത്തിരുന്ന 'ഡൈനാമൈറ്റ് പപ്പൻ' എന്ന എന്റെ പുതിയ നോവലിന്റെ കയ്യെഴുത്തുപ്രതികൾ കാറ്റിൽ പറന്നുപറന്നു നടന്നു. പക്ഷേ, അതൊന്നും എന്നെ ബാധിച്ചതേയില്ല. കാരണം, ഞാൻ.. മലയാള നോവൽ സാഹിത്യത്തിലെ ഒരേയൊരു സിംഹം, വാക്കിന്റെ മാന്ത്രികൻ, സാഗർ കോട്ടപ്പുറം..അപ്പോൾ ചിന്താവിഷ്ടനായിരുന്നു. എന്റെ കയ്യിലിരുന്ന പേന തുമ്പിൽ നിന്ന് വാക്കുകളല്ല, വെടിയുണ്ടകളാണ് വരാൻ പോകുന്നത് എന്ന് എനിക്ക് ഉറപ്പായിരുന്നു. അത്രയ്ക്ക് ഭീകരമായ ഒന്നാണ് എന്റെ പുതിയ കഥ!

(ഇടവേള: ഇതിപ്പോ വായിച്ചിട്ട് വലിയ സംഭവം ആണെന്നൊന്നും വിചാരിക്കണ്ട. നമ്മുടെ ഒരു സ്റ്റൈൽ അങ്ങനത്തെ ഒരു സെറ്റപ്പ് ആയിപ്പോയി, അത്രയേ ഉള്ളൂ! വലിയ സാഹിത്യം പ്രതീക്ഷിച്ചു ആരും ഇങ്ങോട്ട് വരേണ്ട.

ഇത് വെറും പൈങ്കിളി പൾപ്പ് ഫിക്ഷൻ ആണ്.

അത് വായിക്കാൻ താല്പര്യം ഉള്ളവർ മാത്രം ബാക്കി വായിക്കുക, അല്ലാത്തവർ പോയി കാളിദാസന്റെ ശാകുന്തളം വായിക്കടെ !

"രാമകൃഷ്ണാ..." ഞാൻ ഉറക്കെ വിളിച്ചു.

എന്റെ വിശ്വസ്തനായ സഹായിയും, എന്റെ ഓരോ വരിയും പേടിയോടെ കേട്ടെഴുതുന്നവനുമായ രാമകൃഷ്ണൻ അടുക്കളയിൽ നിന്ന് ചായക്കപ്പുമായി ഓടിവന്നു. അവന്റെ മുഖത്ത് പതിവ് പോലെ ഒരു ഭയമുണ്ടായിരുന്നു. എന്നെപ്പോലൊരു ജീനിയസിന്റെ കൂടെ ജോലി ചെയ്യുമ്പോൾ ആ ഭയം സ്വാഭാവികമാണ്.

"എഴുതിക്കോളൂ രാമകൃഷ്ണാ... അവൾ വരികയാണ്. തലയിൽ മുല്ലപ്പൂവും ചൂടി, ചോര ഒലിക്കുന്ന പല്ലുകളുമായി, ആ പഴയ തഹസിൽദാർ പ്രിയദർശിനിയുടെ അതേ മുഖമുള്ള ആ യക്ഷി... അവൾ കാറിന്റെ വിൻഡോ ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി!"

ഞാൻ ആവേശം മൂത്ത് മേശപ്പുറത്ത് അടിച്ചു. രാമകൃഷ്ണൻ ഞെട്ടി വിറച്ചു. സത്യം പറഞ്ഞാൽ എനിക്കും ചെറിയൊരു പേടി തോന്നി. കാരണം, അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ കാണുന്നത് പോലെ ഉള്ള ആ പഴയ കാറിലെ യാത്ര എനിക്ക് ഓർമ്മ വന്നു. സ്വന്തം കഥയിലെ യക്ഷിയെ ഓർത്ത് എഴുത്തുകാരൻ തന്നെ പേടിക്കുന്ന ഈ അവസ്ഥയുണ്ടല്ലോ, ഹോ! അതാണ് സാഗർ കോട്ടപ്പുറത്തിന്റെ ക്രിയേറ്റിവിറ്റി! മറ്റുള്ളവരെ പേടിപ്പിക്കാൻ എളുപ്പമാണ്, പക്ഷേ നമ്മൾ സ്വയം പേടിക്കണം, അതാണ് യഥാർത്ഥ ആർട്ട്!

പക്ഷേ, കഥ എഴുതി കാശുണ്ടാക്കണം എന്നതിലുപരി, എന്റെ ഈ നോവലുകൾ വായിച്ചു ബുദ്ധി നശിച്ചുപോകുന്ന വായനക്കാരെ ഓർക്കുമ്പോഴാണ് എനിക്ക് സങ്കടം. എന്ത് ചെയ്യാം, ഈ നാട്ടിൽ ഇതിനേ മാർക്കറ്റുള്ളൂ! ആൾക്കാർക്ക് കൊലപാതകവും യക്ഷിയും ചോരയും വേണം. ഞാനത് യഥേഷ്ടം തള്ളിക്കൊടുക്കും. അതുകൊണ്ട് ഈ നോവൽ നാളെ മാർക്കറ്റിൽ വരുമ്പോൾ വലിയ സാഹിത്യ അവാർഡ് ഒന്നും ആരും തന്നേക്കരുത്. തന്നാലും ഞാൻ വാങ്ങില്ല.

പെട്ടെന്ന്, മുറിയിലെ വിളക്കുകൾ അണഞ്ഞു! ഇരുട്ട്!

ഇരുട്ടിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു...

"സാഗർ "

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. അത്... അത് ആരായിരുന്നു?

അടിയന്തര അറിയിപ്പ്:

അത് ആരാണെന്ന് അറിയാൻ വായനക്കാർ അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. കാരണം എനിക്ക് ഇപ്പോൾ കഥയെഴുതിക്കളിക്കാൻ സമയമില്ല.

നഗരത്തിലെ വമ്പൻ സ്രാവുകളായ കുറച്ച് വ്യവസായ മുതലാളിമാരുടെ ഒരു രഹസ്യ ഒത്തുചേരൽ നടക്കുന്നുണ്ട്, ആലുവ ലയൺസ് ക്ലബിന്റെ മേളിലത്തെ ടെറസ്സിൽ. എന്നെപ്പോലൊരു വിശ്വപ്രസിദ്ധ സാഹിത്യകാരനെ അവർക്ക് അവിടെ അത്യാവശ്യമാണ്. സത്യം പറഞ്ഞാൽ, സ്വന്തം അപ്പന്റെ കാശ് പൂഴ്ത്തിവെച്ച് വലിയ കോട്ടും സ്യൂട്ടുമിട്ട് നടക്കുന്ന കുറേ കോമാളികളാണ് അവിടെയുള്ള ബഹുഭൂരിപക്ഷം മുതലാളിമാരും! കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്ന് ചർച്ച ചെയ്യാൻ ഇരിക്കുന്ന അവരുടെ ആ തള്ളലുകൾ കേട്ടാൽ ആർക്കായാലും ചിരി വരും. ഭയങ്കര ബിസിനസ്സ് വിപ്ലവകാരികളാണത്രേ!

എങ്കിലും ഞാൻ അവിടെ പോവുകയാണ്. അവർക്കിടയിൽ പോയിരുന്ന് ഫ്രീയായിട്ട് കിട്ടുന്ന വിദേശ മദ്യം അകത്താക്കുന്നതിനൊപ്പം, ആ പണച്ചാക്കുകളുടെ അഹങ്കാരത്തിന്റേയും തട്ടിപ്പിന്റേയും കുറച്ചുകൂടി നല്ല കിടിലൻ കഥകൾ എനിക്ക് ചോർത്തിയെടുക്കണം. എന്റെ അടുത്ത പൾപ്പ് ഫിക്ഷൻ നോവലുകളിലേക്ക് വെടിമരുന്നാക്കാൻ പറ്റിയ ഒന്നാന്തരം കഥാപാത്രങ്ങളെ ആ മുതലാളിമാരിൽ നിന്ന് ഞാൻ ഒപ്പിച്ചെടുക്കും. അതുകൊണ്ട് ഞാൻ അങ്ങോട്ട് ഇറങ്ങുന്നു. ബാക്കി കഥ അടുത്ത ലക്കത്തിൽ. അത്രയേ ഉള്ളൂ!

ചിയേർസ്

ഞാൻ ഇനി ഇവിടെ തന്നെ കാണും.

Comments

Loading comments...

Fanbella Logo
Open app