ഒരേയൊരു രാജാവ്

ഒരേയൊരു രാജാവ്

Share
Vishnu

By Vishnu

12:00 AM
May 20, 2026
Like14
Comment2

ഒരു മനുഷ്യൻ ഇരുട്ടിൽ ഇരുന്ന് സിനിമ കാണുകയാണ്. സ്ക്രീനിൽ മറ്റൊരാളുടെ ജീവിതം നടക്കുന്നു. അയാൾ ചിരിക്കുന്നു. കരയുന്നു. ഉത്കണ്ഠപ്പെടുന്നു. സിനിമ കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങുമ്പോൾ ആ കഥാപാത്രങ്ങൾ കൂടെയുണ്ടാകുന്നു. ചില നടന്മാർ അങ്ങനെയാണ്. അവർ സ്ക്രീനിൽ മാത്രം ജീവിക്കാറില്ല. പ്രേക്ഷകരുടെ ഓർമ്മയുടെ ഘടനയിലേക്ക് കയറിപ്പോകും.

മോഹൻലാൽ മലയാള സിനിമയിൽ അങ്ങനെ ജീവിക്കുന്ന ഒരാളാണ്.

ദൃശ്യത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ പലരും അതിന്റെ ട്വിസ്റ്റിനെ കുറിച്ചോ തിരക്കഥയുടെ കൃത്യതയെ കുറിച്ചോ പറയും. പക്ഷേ ആ സിനിമയെ അസാധാരണമാക്കിയത് അതിലെ രഹസ്യം മാത്രമല്ല. ആ രഹസ്യത്തെ വിശ്വസിപ്പിച്ച മനുഷ്യനാണ്.

ജോർജുകുട്ടി ഒരു അസാധാരണ മനുഷ്യനല്ല. ഒരു ചെറിയ പട്ടണത്തിലെ കേബിൾ ടിവി ഓപ്പറേറ്റർ. സിനിമ കാണാൻ ഇഷ്ടമുള്ള ഒരാൾ. കുടുംബത്തെ സ്നേഹിക്കുന്ന ഒരച്ഛൻ. പക്ഷേ പ്രശ്നങ്ങൾ അയാളെ ഒരു കഥയുടെ ഉള്ളിലേക്ക് തള്ളിയിടുന്നു. ശേഷം ആ കഥയിൽ നിന്ന് പുറത്തുവരാതെ ജീവിക്കേണ്ടി വരുന്നു.

ദൃശ്യത്തിന്റെ ഏറ്റവും വലിയ വിജയം അവിടെ സംഭവിക്കുന്നു.

ജോർജുകുട്ടി കള്ളം പറയുമ്പോൾ പോലും, പ്രേക്ഷകർ അയാളെ വിട്ടുകൊടുക്കുന്നില്ല.

കാരണം മോഹൻലാൽ ആ കഥാപാത്രത്തെ ഒരു കുറ്റവാളിയായി അവതരിപ്പിക്കുന്നില്ല. ഭയന്ന് നിൽക്കുന്ന ഒരു മനുഷ്യനായി മാത്രമാണ് അവതരിപ്പിക്കുന്നത്.

അതാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പ്രത്യേകത.

അദ്ദേഹം കഥാപാത്രങ്ങളെ അലങ്കരിക്കാറില്ല.

അവരെ മനുഷ്യരാക്കും.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും വലിയ രംഗങ്ങളല്ല ആദ്യം മനസ്സിലേക്ക് വരുന്നത്. ചെറിയ കാര്യങ്ങളായിരിക്കും.

കിരീടത്തിൽ അച്ഛന്റെ മുന്നിൽ തകർന്നുനിൽക്കുന്ന മുഖമായും

ഭരതത്തിലെ സംസാരിക്കാൻ പറ്റാത്ത കുറ്റബോധമായും

തന്മാത്രയിലെ ഓർമ്മകൾ കൈവിട്ട് പോകുന്ന ഒരാളുടെ അസ്വസ്ഥതയായും

സ്പിരിറ്റിൽ സ്വന്തം തകർച്ചയെ പരിഹാസത്തിനുള്ളിൽ ഒളിപ്പിക്കുന്ന മനുഷ്യനായുമൊക്കെ

തമ്മിൽ ബന്ധിപ്പിക്കുന്നത് അഭിനയ പ്രകടനത്തിന്റെ ശബ്ദമല്ല. നിയന്ത്രണമാണ്.

മോഹൻലാൽ പലപ്പോഴും അഭിനയിക്കാത്തതുപോലെയാണ് അഭിനയിക്കുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ, എഴുതിയ കഥാപാത്രങ്ങളെ പോലെ തോന്നാറില്ല. എവിടെയോ ജീവിക്കുന്ന ആളുകളെ പോലെ തോന്നും.

ദൃശ്യത്തിൽ അത് കൂടുതൽ വ്യക്തമാണ്.

ഒരു സാധാരണ കുടുംബത്തിന്റെ വീട്ടിനുള്ളിൽ ഭയം വളരുന്നു. പോലീസ് വരുന്നു. ചോദ്യങ്ങൾ വരുന്നു. ഓർമ്മകൾ ആവർത്തിച്ച് പറയപ്പെടുന്നു. പക്ഷേ ജോർജുകുട്ടി ഒരിക്കലും സിനിമയിലെ നായകനെ പോലെ പെരുമാറുന്നില്ല. അയാൾ ക്ഷീണിക്കുന്നു. ആലോചിക്കുന്നു. ശ്രദ്ധിക്കുന്നു. ചിലപ്പോൾ വെറും നിശബ്ദനാകുന്നു.

ആ നിശബ്ദതയാണ് സിനിമയുടെ യഥാർത്ഥ ത്രില്ലർ.

മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വിജയങ്ങൾ മാത്രം നോക്കിയാൽ പോരാ. അദ്ദേഹം സാധാരണ മനുഷ്യരെ എത്ര ആഴത്തിൽ മനസ്സിലാക്കി എന്നതാണ് പ്രധാനപ്പെട്ടത്.

അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ പലരും വലിയ ആളുകളല്ല.

അവർ പേടിക്കുന്നവരാണ്. താളം തെറ്റുന്നവരാണ്. സ്നേഹിക്കുന്നവരാണ്.

തകർന്നുപോകുന്നവരാണ്.

അതുകൊണ്ടാണ് പ്രേക്ഷകർ അവരെ സ്വീകരിക്കുന്നത്.

മലയാള സിനിമയിലെ പല താരങ്ങളും സ്ക്രീനിൽ വലുതാകാൻ ശ്രമിച്ചപ്പോൾ, മോഹൻലാൽ പലപ്പോഴും മനുഷ്യനായി ചുരുങ്ങാനാണ് ശ്രമിച്ചിട്ടുള്ളതും വിജയിച്ചിട്ടുള്ളതും. അതാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.

അതുകൊണ്ടാണ് ഒരു തലമുറ അദ്ദേഹത്തിന്റെ സിനിമകളിലൂടെ സ്വന്തം ജീവിതത്തെ ഓർക്കുന്നത്.

ചിലർക്കത് ഞായറാഴ്ച്ച വൈകുന്നേരത്തെ ഓർമ്മകൾ മോഹൻലാൽ സിനിമകളാണ്.

ചിലർക്കത് കാസറ്റ് കാലം.

ചിലർക്കത് ആദ്യമായി തിയേറ്ററിൽ കൈയടിച്ച നിമിഷം.

ചിലർക്കത് കുടുംബത്തോടൊപ്പം കണ്ട സിനിമയുടെ ഓർമ്മ.

മോഹൻലാൽ എന്ന നടൻ സിനിമകളിൽ മാത്രമല്ല ജീവിച്ചത്. മലയാളികളുടെ ജീവിതരീതിക്കുള്ളിലേക്കും കടന്നിട്ടുണ്ട്.

ദൃശ്യത്തിന്റെ അവസാനത്തിൽ സത്യം മുഴുവൻ പുറത്തുവരുന്നില്ല. ചില കാര്യങ്ങൾ മറഞ്ഞുതന്നെ നിൽക്കും. പക്ഷേ സിനിമ കഴിഞ്ഞിട്ടും ജോർജുകുട്ടി പ്രേക്ഷകന്റെ മനസ്സിൽ തുടരുന്നു.

അത് തന്നെയാണ് വലിയ കഥാപാത്രങ്ങളുടെ സ്വഭാവവും.

അവർ സിനിമ കഴിയുമ്പോൾ തിരശീലയിൽ അവസാനിക്കുന്നില്ല.

മോഹൻലാലിന്റെ സിനിമാ ജീവിതവും അങ്ങനെയാണ്.

അദ്ദേഹം കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ സംഭാഷണങ്ങളിൽ ജീവിക്കുന്നു. ഓർമ്മകളിൽ ജീവിക്കുന്നു. ചിലപ്പോൾ നമ്മൾ അറിയാതെയും നമ്മുടെ ശരീരഭാഷയിൽ പോലും ജീവിക്കുന്നു. ഇഷ്ടപ്പെട്ട സിനിമകളിൽ നിന്ന് ചെറിയ ശീലങ്ങൾ മോഷ്ടിക്കുന്ന ജീവികളാണ് മനുഷ്യർ. ആ മനുഷ്യരെ ഇത്രയും വർഷം ചിരിപ്പിച്ചതിനും കരയിപ്പിച്ചതിനും വിനയം എന്താണെന്ന് കാണിച്ച് തന്നതിനും ഒരു വലിയ സമൂഹത്തെ മുണ്ടുക്കാനും മടക്കിക്കുത്താനും മീശപിരിക്കാനും പഠിപ്പിച്ചതിന് നന്ദി.

നിങ്ങൾ സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ കാര്യം വലിയ നായകത്വമല്ല.

മനുഷ്യരെ വിശ്വസിക്കാവുന്ന കഥാപാത്രങ്ങളാക്കി മാറ്റിയ ആ അപൂർവ സത്യസന്ധതയാണ്.

ജന്മദിനാശംസകൾ ലാലേട്ടാ.

Comments

Loading comments...

Fanbella Logo
Open app